നഷ്ടം വടിച്ചളന്നതില്‍ പിന്നെ
വിത്തിനിട്ട നെല്ലും
കുത്തിക്കഞ്ഞിവെച്ചതില്‍ പിന്നെ
കുണ്ടുപാടം വിറ്റു വാങ്ങിയതാണ്
കൊച്ചു പള്ളിക്കൂടത്തിലെ പണ്ടാരപ്പണി
ഇഷ്ടമില്ലായ്മകള്‍ നട്ടുനനക്കവേ
പൊട്ടിമുളക്കുന്നു പണ്ടേ കളഞ്ഞവ
വിത്തിറക്കുവാന്‍ വെള്ളാരങ്കല്ലുകള്‍
കൂട്ടിവെച്ചിരിക്കുന്നു ക്ലാസ്സിലെ കുട്ടികള്‍
പാട്ടത്തിനെങ്കിലും കിട്ടുവാനുണ്ടോ
നീരു നേരായ മണ്ണോരല്പം
പത്തായം നിറയെ പകരം തരാം
പതിരല്പമില്ലാത്ത നക്ഷത്രക്കതിരുകള്‍