Wednesday, December 28, 2011

ഊരുകള്‍ പേരുകള്‍ മാത്രമല്ല

ഷൊര്‍‍ണൂരിലേക്കുള്ള വണ്ടിയില്‍ കയറിയപ്പോഴാണറിഞ്ഞത്
വണ്ടി കണ്ണൂരിലെക്കാണെന്ന്
അല്ല,
കണ്ണൂരിലേക്കുള്ള വണ്ടിയില്‍ കയറിയപ്പോഴാണറിഞ്ഞത്
വണ്ടി ഷൊര്‍‍ണൂരിലേക്കാണെന്ന്
ഷൊര്‍‍ണൂരിലേക്കെങ്ങിലങ്ങനെ
ഷൊര്‍‍ണൂരിലുണ്ടേറെ ബന്ധുക്കള്‍
കണ്ണൂരിലേക്കെങ്ങിലങ്ങനെ
കണ്ണൂരിലുണ്ടടുത്ത ചങ്ങാതിമാര്‍
വഴുത്ത നിസ്സംഗതയിങ്ങനെ വണ്ടിയോടിക്കുംപോഴുള്‍ഭയം
കറുത്ത കോട്ടിട്ടൊരാള്‍ വരില്ലേ
എടുത്ത ടിക്കറ്റ് പിഴച്ചുപോയെന്ന്
ഇറക്കിവിടുന്നത്‌ എവിടെയാവും
അപ്പുക്കുട്ടന്‍റെ വള്ളിക്കുന്നത്തോ
അല്ലെങ്കില്‍
ഒഞ്ചിയത്തേക്കുള്ള വടകരയിലോ

Tuesday, December 27, 2011

മൂത്രപ്പുര

ഞാന്‍ വാര്‍ത്തയുടെ സൃഷ്ടാവ്
വാര്‍ത്തകള്‍ക്കിപ്പോള്‍
ഓഫ് സീസണില്‍ പ്രത്യേക ഇളവെന്നു
പാരടിയാപ്പീസിലെക്കൊരു പ്രത്യേക ദൂതന്‍...
വാര്‍ത്തകള്‍ എന്തു സൃഷ്ട്യുന്മുഖം!

ഞാന്‍ ഭരണത്തിന്‍റെ നേതാവ്
നാടിന്റെ ഈടിരിപ്പുകള്‍ ലേലത്തിനുണ്ട്
നടപടികള്‍ ഈ - ടെണ്ടര്‍ വഴി മാത്രം
ലേലം എത്ര സുതാര്യം

ഞാന്‍ കവിതയുടെ കര്‍ത്താവ്
നിനക്കു വേണ്ടിയെഴുതിയതു ഞാനെന്ന സത്യം മറക്കണം
പണി തെണ്ടുമെന്റെ ചട്ടിയില്‍
നിന്റെ വിടുപണിയിടുന്ന നിമിഷം മുതല്‍
കവിതകള്‍ എത്ര സത്യസന്ധം!

ഞാന്‍ കുന്നിന്മേല്‍ ശാന്തയുടെ ഭര്‍ത്താവ്
ശാന്തയെ വേണ്ടവര്‍ ബന്ധപ്പെടുകയെന്ന്‍
താഴെയൊരു ഫോണ്‍ നമ്പര്‍
മൂത്രപ്പുരകള്‍ എന്തു കാവ്യാത്മകം

ആള്‍മറ



ഞാനവളെ നോക്കുന്നത്
അവളറിയുന്നില്ലെന്ന്
എന്‍റെ വിചാരം
അവളെന്നെ നോക്കുന്നത്
ഞാനറിയുന്നില്ലെന്ന്
അവളുടെ വിചാരം
ഞങ്ങളെ അവര്‍ ശ്രദ്ധിക്കുന്നത്
ഞങ്ങളറിയുന്നില്ലെന്ന്
അവരുടെ വിചാരം
അവരുടെ വിചാരം ഞങ്ങളറിഞ്ഞില്ലെന്നു
ഞങ്ങളുടെ വിചാരം
അപരിചിതമായ ആള്‍ക്കൂട്ടങ്ങളിലിങ്ങനെയാണ്
നമ്മള്‍ പരസ്പരം ശരിക്കുമറിയുന്ന
ഒളിച്ചുകളിയുടെ കൌതുകം
കളിച്ചുതീര്‍ക്കുന്നത്

ആളൊഴിഞ്ഞ അമ്പലങ്ങള്‍

ഒഴിഞ്ഞു മാറി നടക്കുമ്പൊഴും
പിടിച്ചുവലിച്ചീ പൂരപ്പറമ്പിലേക്കു
മിനക്കെടുത്തിയതെന്തിനോ
എനിക്കു വേണ്ടൊറ്റ ബലൂണ്പോലും
സഹിക്കവയ്യെന്തു ബഹളമിങ്ങനെ
തിരിച്ചുപോക,
യിനിയൊരിക്കലാട്ടെ
അന്നു കാണണം
ആളൊഴിഞ്ഞോരമ്പലം