• സാര്‍ ,
    എനിക്ക് പറയുവാനുണ്ടൊരു പരാതി

    പട്ടാമ്പിക്കും പള്ളിപ്പുറത്തിനുമിടയിലാരോ
    പോക്കറ്റടിച്ചു പോയി
    കള്ളറകളില്‍ ചില്ലറയുമിരുളും
    ത്രില്ലടിപ്പിക്കുന്ന പേടിയുമൊളിപ്പിച്ചു വെച്ചിരുന്ന
    എന്റെ പാതിര

    അകത്തെ വലിപ്പിലുണ്ടായിരുന്നു
    സെക്കന്റ്‌ ഷോ ടിക്കെറ്റിന്റെ മുറിയും
    ബെല്ലില്ലാത്ത സൈക്കിളിനു പെറ്റിയടിക്കാന്‍നടക്കുന്ന
    കുട്ടപ്പന്‍ പോലീസിനെ പറ്റിക്കാനുള്ള
    ദുര്‍ഘടം പിടിച്ചൊരു പേരും

    പുറത്തെ വലിപ്പിലുണ്ടായിരുന്നു
    കുഞ്ഞിരാമേട്ടന്റെ കട്ടന്‍ചായക്ക്
    പാനീസു വെളിച്ചത്തില്‍ പകരം കൊടുക്കാനുള്ള
    നാളെത്തരാമെന്ന നല്ലവാക്ക്

    മടക്കുകളിലാകെ ഒളിച്ചിരുന്നു
    നുരപ്പിച്ച നിലാവില്‍ വെളുക്കുവോളം
    ചങ്ങാത്തം മുങ്ങിക്കുളിച്ചിരുന്ന
    കടവത്തെ പഞ്ചാര മണല്‍ത്തരികള്‍

    സാര്‍ ,
    എനിക്കു സംശയമുണ്ട്‌
    കടവത്തെ മണല്‍തരികളെ
    അല്ലെങ്കിലെന്തിനാണവര്‍
    കണ്ടഭാവം നടിക്കതെന്റെ മുന്നിലൂടെ
    ടിപ്പര്‍ ലോറികളില്‍ കയറി
    ധൃതി പിടിച്ചു പാഞ്ഞു പോയത്?

    എനിക്കു സംശയമുണ്ട്‌ സാര്‍
    തട്ടുകടക്കാരന്‍ കുഞ്ഞിരാമേട്ടനെ
    എങ്ങനെയാണയാള്‍
    ഒറ്റരാത്രികൊണ്ട് തുടങ്ങിയത്
    ചായയേ വില്കാത്തൊരു
    ബിരിയാണി ഹോട്ടല്‍ ?

    എനിക്കു സംശയമുണ്ട്‌ സാര്‍
    നിങ്ങള്‍ പോലീസുകാരെയും
    ഏതു കടവിനപ്പുറത്തെക്കാണ്‌
    നിങ്ങള്‍ സ്ഥലം മാറ്റിയത്
    എന്റെ പാതിരക്ക് കാവല്‍ നിന്ന
    ആ പാവം പോലീസുകാരനെ ?