പ്രതികാരം ചെയ്യണം
ഒറ്റ ഉരുള വാങ്ങിയുണ്ണില്ല ഞാനിനി
പറഞ്ഞിട്ടും പപ്പടം കാച്ചിത്തരാത്ത അമ്മയറിയട്ടെ
ഞാനുണ്ണാത്തതിന്റെ വിശപ്പ്
പ്രതികാരം ചെയ്യണം
എഴുതില്ലിനിയുത്തരം അറിയുന്ന ചോദ്യത്തിനും
ഉത്തരം മുഴുവനായില്ലെന്ന്‍
മാര്‍ക്കു പിശുക്കിയ മാഷനുഭവിക്കണം
ഉത്തരം കൊണ്ട് പൂര്‍ണമാവാത്ത
ചോദ്യത്തിന്റെ ദുര്‍വിധി
പ്രതികാരം ചെയ്യണം
നെറ്റ്വര്‍ക്ക് പ്രൊഫൈലില്‍
രാഷ്ട്രീയ കോളം തരിശിടും
അരുതാത്തത് ചെയ്തെന്ന്
എന്നെ പുറത്താക്കിയ പാര്‍ട്ടിയറിയട്ടെ
ഞാനവരെ കൈവിട്ടതിന്റെ ശൂന്യത
പ്രതികാരം ചെയ്യണം
എഴുതില്ല ഞാനിനിയൊറ്റക്കവിത പോലും
വരികള്‍ മുഴച്ചിരിക്കുന്നുവെന്ന്
വെട്ടിമാറ്റിയ എഡിറ്റരറിയണം
വെട്ടു കൊണ്ട വാക്കിന്റെ വേദന