Wednesday, October 12, 2016

മഴവില്ല്
---------------

മഴവില്ല്
എന്നെഴുതുന്നു

വയലറ്റ്‌
ഒരു മന്ദസ്മിതത്തിൽ കൊളുത്തിയെടുത്ത്‌
പൂപ്പാടത്തു വിതയ്ക്കുന്നു

ഇൻഡിഗോ
ഇനിയും തിരിച്ചറിയാത്ത ഒന്നായി
ഒരുവളുടെ കണ്ണിൽ കുടയുന്നു

ബ്ലൂ ...
എന്നു മിഴിച്ചു നിൽക്കേ
ഒരു കടൽതിരയിൽ കയറി
മാനം തൊടുന്നു

ഗ്രീൻ
ചതച്ചു പിഴിഞ്ഞ്‌
ഏതോ മുറിവിലേക്കു
നീറ്റിയൊറ്റിക്കുന്നു

യെല്ലോ
നട്ടു പിടിപ്പിക്കാനിരിക്കുന്ന
ഒരു കൊന്നയെ
കൊല്ലാതെ കൊല്ലുന്നു

ഓറഞ്ച്‌
ഓരോ അല്ലിയുമുറുഞ്ചിക്കുടിച്ച്‌
ഓർമ്മത്തൊലി പീച്ചി
കണ്ണെരിക്കുന്നു

റെഡ്‌
ഒരു പിടച്ചിലിൽ
നിന്നൊലിച്ചിറങ്ങി
കൊടിശ്ശീലയിൽ പടരുന്നു

മഴവില്ല് എന്നെഴുതുന്നു
മാഞ്ഞു മാഞ്ഞു പോവുന്നു

ആണുങ്ങൾ അവിയലുണ്ടാക്കുമ്പോൾ
---------------------------------------------------


ആണുങ്ങൾ അവിയലുണ്ടാക്കുമ്പോൾ
ആദ്യം ചെത്തുക ചേനത്തോലായിരിക്കും

ആസകലമാദ്യമൊന്നു ചൊറിയുമെങ്കിലും
ആറിഞ്ചിൽനീട്ടിവെട്ടി
ഒരിഞ്ചിലേക്കു കുറുക്കിവെട്ടും

ആടിക്കുഴയുന്ന അച്ചിങ്ങാപ്പയറിന്റെ
അടിയും മുടിയും
ഒന്നു ഞെടിച്ചു പൊട്ടിച്ചു കൂട്ടും

കായത്തോലിന്റെ കറയെക്കണക്കിലേയെടുക്കാതെ
കറ കറായെന്നു പോളിച്ചു ചീന്തും

മൂപ്പു കൂടിയെങ്കിലും മുരിങ്ങക്കയല്ലേയെന്നു
മുറിച്ചു ചേർക്കും കുറച്ചു കൂടുതൽ

കഴുകിവാരിയതിൽ മുളകും മഞ്ഞളും
അധികമാവാതിത്തിരി വെള്ളവും കൂട്ടി
അടച്ചുവറ്റിച്ചുപ്പിട്ടിളക്കിയാൽപിന്നെ
തൈരെവിടെ വച്ചിരിക്കുന്നു മൈരേ..
എന്നൊരു തെറികൂട്ടിത്തിരച്ചിലാണ്‌‌
പച്ചമുളകും ജീരകവും ചേർത്ത്‌
ചതച്ചു വച്ചില്ലേ തേങ്ങ
എന്നൊരു തിരുപ്പറക്കലാണ്..‌

അപ്പോൾ ഒരമ്മിക്കല്ല്
താനേ എഴുന്നേറ്റടുത്തു വരും
അടച്ചുവെന്തതിൽ
ഒരു തൈർക്കുടം തുളുമ്പിത്തെറിക്കും
ചതച്ചരച്ചതൊക്കെച്ചേർത്ത്‌
എടുത്തടുത്തേക്കു നീട്ടും..
എവിടെനിന്നില്ലാതെ
ഒരു കറിവേപ്പിലയോടൊപ്പം
പച്ചവെളിച്ചെണ്ണ താളിച്ച മണം വരും

അവിയലെന്നത്തേക്കാളും നന്നെന്ന്
നാവിൻ തുമ്പത്തൊരു വള കിലുങ്ങും

ആണുങ്ങൾ അവിയലുണ്ടാക്കുന്നെന്ന്
ആദ്യമറിയുക അമ്മിക്കല്ലായിരിക്കും
മുലയെക്കുറിച്ച്‌
----------------------

മുലയെക്കുറിച്ചൊരു കവിതയെഴുതുമ്പോൾ
ആദ്യത്തെ വരിയിൽ
ഒരശ്ലീലച്ചിരി തടയുന്നു
അടുത്ത വരിയിൽ
അയ്യേയെന്നൊരു
ചുളിഞ്ഞ നോട്ടം
അടുത്ത വരിയിൽ
അമ്പടാ എന്നൊരു
കള്ളച്ചിരി
അടുത്ത വരിയിൽ
അവൾ...

തടയപ്പെട്ട
തഴയപ്പെട്ട
കവിതയുടെ
ഒടുവിലത്തെ വരിയിൽ
അമ്മിഞ്ഞ എന്നെഴുതുമ്പോൾ
അതിലെ "മ്മ"
ഇടിഞ്ഞുലഞ്ഞ
ഒരു മാറത്തൊട്ടിച്ചേർന്ന്
അമ്മ അമ്മ എന്ന്
ചുരന്നുകൊണ്ടേയിരിക്കും
അതിലെ "ഞ്ഞ"
ഒരു കുഞ്ഞിക്കവിളിൽ
പറ്റിപ്പിടിച്ച്‌
ഇഞ്ഞീം ഇഞ്ഞീം എന്ന്
കുടിച്ചു കൊണ്ടേയിരിക്കും

പ്രകാശവർഷം
--------------------

പ്രകാശവർഷങ്ങളെക്കൊണ്ട്‌
അളക്കുന്നതാണെളുപ്പം,‌
നാമൊരിക്കലും
ചെന്നെത്താനിടയില്ലാത്ത
ചില ദൂരങ്ങൾ

അളന്നളന്നു
പോവുമ്പോഴായിരിക്കും
ഇടയിൽ കാണുക
ചില വളവുകൾ

നേർ രേഖ ശീലിച്ച
രശ്മികളെയപ്പോൾ
ഒന്നു വളച്ചളക്കേണ്ടി വരും
ശ്രദ്ധിക്കണം പക്ഷെ,
പൊട്ടിപ്പോവരുത്‌!

(അകലങ്ങൾക്കിടയിൽ
പൊട്ടിവീണു കിടക്കുന്ന
പ്രകാശത്തിന്റെ
അളവു തുണ്ടു പോലെ
അസഹ്യമായതൊന്നുമില്ല..
വണ്ടിയിടിച്ച്‌
പാതിജീവനായ നായയെപ്പോലെ
അറ്റങ്ങളിലേക്കെത്താതെ
പ്രസരിച്ചു വശം കെട്ട്‌
വഴിയിൽകിടക്കുമത്‌)

ഇടയ്ക്ക്‌ ഇരുട്ടു വീണ
ചില കുഴികളെ
ഒരു മിന്നായത്തിന്റെ
നീളം കൊണ്ടൂഹിക്കേണ്ടി വരും
(ശരിയായ ഒരൂഹത്തേക്കാൾ
കൃത്യമായ അളവുപകരണമില്ല!!)

മൗനം പോലെ ചില മലകളേയും
മടുപ്പു പോലെ ചില മതിലുകളേയും
തുളച്ചു കടക്കാനുണ്ടാകും
കൂർപ്പിച്ചു വിളക്കിവയ്ക്കണം
വെളിച്ചക്കോലിന്റെ വായ്ത്തല

കണ്ണീരുപോലെ ചില പുഴകളും
വിരാഗം പോലെ ചില സമുദ്രങ്ങളും
അളന്നു കടക്കണമെങ്കിൽ
കെട്ടിയുണ്ടാക്കേണ്ടി വരും
കരുണയുടെ രശ്മികളാൽ
ഒരു ജലയാനം

മന്ദസ്മിതം പോലെ
ഋജുവായ ചില ദൂരങ്ങളിൽ
മതിമറക്കാതെ നോക്കണം

അളന്നളന്നു തീരില്ലെന്ന്
അറിഞ്ഞിട്ടും
അകലമധികമില്ലെന്ന്
അളന്നുകൊണ്ടിരിക്കണം

ഒരിക്കലും തീരാത്ത ദൂരങ്ങൾ
മരിക്കും വരെ അളക്കുമ്പോഴാണ്‌
ശരിക്കും
പ്രകാശം വർഷിച്ചുകൊണ്ടേയിരിക്കുന്നത്‌

വാൻ ഗോഗ്‌ വിഷു വരയ്ക്കുമ്പോൾ
--------------------------------
വിൻസന്റ്‌ വാൻ ഗോഗ്‌
മരണത്തെത്തോൽപ്പിച്ച്‌
വിരുന്നു വരുന്ന ദിവസമാണ്‌
വിഷു..

മഞ്ഞപ്പെയിന്റെടുത്തു കുടിച്ച്‌
മനസ്സിന്റെ ചുമരുകളിൽ
ഹർഷോന്മാദം വാരിപ്പോൂശാൻ
തുടിക്കുന്ന വാൻ ഗോഗിനായി
ഒരുക്കി വയ്ക്കണം
കണിക്കൊന്നയിൽ നിന്നും
വാർന്നൊഴുകുന്ന മഞ്ഞ

അപ്പോൾ വാൻ  ഗോഗ്‌
ഒരു സൂര്യകാന്തിപ്പൂവിന്റെ
ചിത്രം വരയ്ക്കാൻ തുടങ്ങും

ഒരിതളിൽ
ആദ്യത്തെ പ്രണയാഭ്യർത്ഥന
കണിവെള്ളരിയുടെ
മഞ്ഞ ചേർത്തു വരയ്ക്കും

തിരസ്കൃതന്റെ വ്യഥയിൽ
കയ്യെരിച്ചുപൊള്ളിച്ച
വിഷുവിളക്കിന്റെ മഞ്ഞനാളമാണ്‌
അടുത്തയിതളിൽ

മഞ്ഞയോടിയ മാമ്പഴത്തിൽ നിന്ന്
സിയനെന്ന ഗർഭിണിയായ വേശ്യയെ

കണ്ണു മഞ്ഞളിപ്പിക്കുന്ന പൊന്നിൽ നിന്ന്
പരിഷ്കൃതിയുടെ പാരീസിനെ

മഞ്ഞക്കസവണിപ്പുടവയിൽനിന്ന്
പിഞ്ഞിക്കീറിയ ദാരിദ്ര്യത്തെ

മുറിച്ചെടുത്ത്‌ കാമുകിക്കയച്ച ചെവി
ഒരു ചക്കച്ചുളയിൽ നിന്ന്

എല്ലാം മഞ്ഞയിൽ, ഇതളിതളായി
വരച്ചു വയ്ക്കും, വാൻ ഗോഗ്‌

ഇതളുകൾ വട്ടമെത്തിയാൽ
വാൻ ഗോഗ്‌  സ്വയം മറന്ന്
മഞ്ഞയിലുന്മാദിയായി നിറയും

വിഷുപ്പുലരിയെടുത്തു
വീഞ്ഞു പോലെ കുടിക്കും
ഒരോലപ്പടക്കം മഞ്ഞമിന്നിച്ച്‌
സ്വയം നിറയൊഴിക്കും..

ഒഴുകുന്ന മഞ്ഞച്ചോരയിൽ
വിഷുവായുയിർക്കും.
വീണ്ടും വാൻ ഗോഗ്‌

ശൂന്യം
-------------------------------
ശൂന്യം
ഒരു പെരുമ്പൊരുളിന്റെ പേരാണ്‌..
ആദേശം ചെയ്യുന്നതിന്റെ അളവെടുക്കാൻ
ആർക്കിമിഡീസിനെ കാത്തിരിപ്പാണത്‌
നിറഞ്ഞു കിടക്കുന്ന നിന്നിൽ
നിശ്ശൂന്യമെന്നെ നിറയ്ക്കുക..
ആദേശംചെയ്തൊഴുകുന്നതെടുത്ത്‌
ആടിക്കളിക്കുന്ന ത്രാസ്സിന്റെ
ആത്മാവിലൊന്നു തൂക്കി നോക്കുക.
തുടിക്കുന്ന ഒരു ഹൃദയമെന്ന്
അളവു കുറിച്ചു വയ്ക്കുക.
നഷ്ടഭാരക്കണക്കൊരു
പരിരംഭണം കൊണ്ട്‌
ദു:ഖഭാരമെന്നളന്നെടുക്കുക
ഒരുവശത്തധികഭാരമൊരു ഹൃദയം
മറുവശത്തതേ ഭാരമാർന്നു ശൂന്യം
ഹൃദയശൂന്യം= ശൂന്യഹൃദയം!!
കുറ്റങ്ങളുടെ കഴുമരം നിറച്ചിരിക്കുന്ന
ഒരു കുളിത്തൊട്ടിയിൽ നിന്ന്
യുറേക്കാ യുറേക്കാ എന്ന് ഇറങ്ങിയോടുക
തെരുവു കാത്തിരിക്കുന്നു
ഉടലിലുണ്ടാവരുതൊരു നൂലു പോലും
യുറേക്കാ...

അലിംഗ പ'ദാ'ക
------------------------
സ്വാതന്ത്ര്യം എന്നൊരു പദമുണ്ട്‌
ആഗസ്റ്റുപതിനഞ്ചെന്ന്
അർത്ഥമെഴുതിപ്പഠിച്ചത്‌
ഉയർത്തിക്കെട്ടിയുച്ചരിച്ച ശേഷം
വീട്ടിലേക്കെടുക്കാൻ വിട്ടു പോയത്‌
സ്വന്തമെന്നവനും
സ്വപ്നമെന്നവളും
സ്വരപ്പെടുത്തിയിരുന്നത്‌
‌വല്ലാതെ വളഞ്ഞതെന്നവളും
വല്ലാതെ തെളിഞ്ഞതെന്നവനും
ലിപികെളെക്കുറ്റം പറഞ്ഞത്‌
‌ഉറഞ്ഞു പോയ നിഘണ്ടുവിൽ
തിരഞ്ഞു വശം കെട്ടത്‌
നിന്നെക്കെട്ടിയിട്ടാൽ കിട്ടുന്ന
ഒറ്റവാക്കെന്നു ഞാനും
നിന്റെ കെട്ടഴിച്ചാൽ കിട്ടുന്ന
സമസ്ത പദമെന്നവളും
പുല്ലിംഗമെന്നവനും
സ്ത്രീലിംഗമെന്നവളും
പരസ്പരം പഴി പറയുന്നത്
പറഞ്ഞു പറഞ്ഞിടയിൽ
അലിംഗമാർന്നലിഞ്ഞു പോയത്‌

ചെറുപ്പം
-------------
ജരപൂണ്ടു വിളറിനിൽക്കുന്ന
നഗരസന്ധ്യയിലേക്ക്‌
നക്ഷത്രത്തിളക്കമുള്ള ഒരു നാട്ടിൻപുറം
നിറഞ്ഞൊഴുകിയെത്തുന്നു
കൂറ്റൻ മാളുകളിൽനിന്നാളുകളപ്പോൾ
റേഷനരിയും മണ്ണെണ്ണയും വാങ്ങിയിറങ്ങുന്നു..
അഞ്ചുനക്ഷത്രത്തിന്റെ ബാറിൽ നിന്നും
ഒന്നരക്കോപ്പക്കള്ളിലിട്ടിച്ചിരിപ്പാട്ട്‌
മൾട്ടിപ്ലെക്സിന്റെ  ഡിസ്പ്ലെക്കു പിന്നിൽ
ചുട്ടികുത്തുന്നു നാണുവാശാൻ
മെട്രോപൊളിറ്റൻ ക്ലബ്ബിന്റെ വാതിലു തുറന്ന്
വായനശാലയിലേക്കു കേറുന്നു
നാരായണൻ മാഷ്‌
ഓടയിലളിഞ്ഞുനാറുന്ന അഴുക്കിലേക്കൊരു
തേക്കുപാട്ടിന്റെ ശുദ്ധിയലിഞ്ഞു തെളിയുന്നു
നാട്ടുപള്ളിക്കൂടത്തിലൊരു നട്ടുച്ചയോർമ്മയിൽ
ചോറ്റുപാത്രം പങ്കിട്ടെടുക്കവേ
ഫ്ലാറ്റിന്റെ കോലായയിലേക്കു വടികുത്തിയെത്തുന്നു
വെറ്റിലപ്പൊതിയഴിച്ചൊരു പഴയകൂട്ടുകാരി
നരച്ചുശോഷിച്ച തലയിൽ ഞെടിച്ചിത്തിരി
ചുണ്ണാമ്പു ചേർക്കുമ്പൊഴത്ഭുതം
വെള്ളിയോടിയ രോമങ്ങളിലത്രയും
തുള്ളിയെത്തുന്നൊരെണ്ണക്കറുപ്പിൻ ചെറുപ്പം

വിപരീതം
---------------
ഭാഷാഭൂഷണത്തിൽനിന്ന്
പാണിനീയസൂത്രത്തിലേക്ക്‌
സൂത്രത്തിലൊളിച്ചുകടന്നിരിക്കുന്നു
അലങ്കാരങ്ങളഴിഞ്ഞു വീണ
പഴയ വിപരീതോക്തി..

ഇപ്പോഴതൊരു പുതിയ ഭാഷയാണ്‌..

ചൂടിനു തണുപ്പ്‌
കറുപ്പിനു വെളുപ്പ്‌
സ്നേഹത്തിനു വെറുപ്പ്

തണുത്തുറഞ്ഞ വേനലപ്പോൾ ചുട്ടു വിറയ്ക്കുന്നു
വെളുത്ത രാവുകൾ ഇരുട്ടിലേക്കു പുലരുന്നു
അടുത്ത ശത്രുവിനോട്‌ ഇടഞ്ഞ സൗഹൃദം
കടുത്ത വൈരാഗ്യത്തോട്‌
മുടിഞ്ഞ അനുരാഗം
വിശന്നുകരിഞ്ഞ വയറിൽ നിന്ന്
ഉണ്ടു നിറഞ്ഞ ഏമ്പക്കങ്ങൾ
ഇടത്തേക്കാഞ്ഞു നടക്കുന്നു
വലത്തു ചേർന്നൊരിരിപ്പിടം
ചിരിച്ചു മതിവരാതെയൊരു
കരച്ചിൽ നീണ്ടൊഴുകുന്നു

പുതിയ സമാനപദങ്ങളിലേക്ക്ക്‌
മടിക്കാതെ കയറിയിരിക്കുന്നു
പഴയ വിപരീതങ്ങൾ

ഇനിയിപ്പോൾ ഭാഷപ്പെടുത്താനെളുപ്പമാണ്‌
ദുർഗ്ഘടം പിടിച്ച ആ പഴയ വാക്കിനെ
ഉം.. അതു തന്നെ..
'ജീവിതം'

അരിപ്പ
--------------
നിഴലിൽ നിന്നു വെളിച്ചമരിച്ചെടുക്കുന്ന
ഒരരിപ്പ കിട്ടണം
രണ്ടിനുമിടയിൽ നേരു കൊണ്ടു
നേർപ്പിച്ചു നെയ്ത ചില
സൂക്ഷ്മ തന്തുക്കളായിരിക്കും

കരടുപെടാതെ ഒളി ചിതറുന്ന
വെളിച്ചം മാത്രം കടത്തി വിടുമത്

കറുകറുത്തൊരിരുട്ടൊടുവിൽ
അരിപ്പയിലടിഞ്ഞിരിക്കും

ചായച്ചണ്ടി പോലെ അടിഞ്ഞതെടുത്തടുക്കളപ്പുറത്തെ
കുപ്പക്കൊട്ടയിൽ കൊട്ടണം

എന്നിട്ട്‌..
ആ വെളിച്ചമൂതിയൂതിക്കുടിച്ച്‌
നമുക്കീയുമ്മറത്തൊപ്പമിരിക്കുക..
സാമ്പാർ
--------------
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറിലേക്ക്‌
എന്താണിന്നു കൂട്ടാനെന്നൊരു ചോദ്യം മുറിച്ചിടുംമ്പോഴേക്കും
ഒറ്റയാളലിൻ ചൂടിലതെനിക്കായ്‌ തിളച്ചു  മറിയുന്നു!!
വേവാതെ കിടന്നു ചൊറിഞ്ഞിരുന്നൊരു ചേനക്കഷ്ണം
വെണ്ണപോലെ വെന്തു ചേരുന്നു
മടുപ്പിന്റെ മസാലപ്പൊതികൾ
അരപ്പുകല്ലിൽ പുതിയൊരു വളകിലുക്കുന്നു
കാണാതെ പോയിരുന്നൊരു കടുകളുക്ക്‌
കൺകോണിലെണ്ണയിൽ പൊട്ടിമലരുന്നു
അളവിലധികം ചേർന്നയെരിവിന്റെ നീറ്റൽ
ആവശ്യത്തിലുപ്പിലലിഞ്ഞു തീരുന്നു..
ഉള്ളിന്റെയുള്ളിലൊരു  വിശപ്പിന്റെ ഗന്ധം
ഉന്മാദമാർന്നു പതഞ്ഞു പൊന്തുന്നു..
ഹാാ... ചോദിക്കട്ടെ..
ശരിക്കും ഇന്ന് അത്താഴത്തിനെന്താണ്‌?

സുഭിക്ഷ ജീവിതം
------------------------
പുലരാനൊരുങ്ങുന്ന
ഇരുളൊഴിച്ചൊരു കട്ടൻ ചായ..

തലേന്നത്തെ നിലാവുറയൊഴിച്ചതുംകൂട്ടി-
യുപ്പിട്ടു മോന്താനിത്തിരി പഴംചോറ്‌.

കടിച്ചാപ്പർച്ചിട്ടീച്ചറെ
പല്ലിലൊട്ടിച്ചൊട്ടിച്ചലിയിച്ചതിൽപിന്നെ
തിക്കും തിരക്കും മുക്കി വിളമ്പി
വാരിക്കുടിച്ചൊരുച്ചക്കഞ്ഞി..

ജനഗണമനയെന്നു നിറയെപ്പാലൊഴിച്ചു
ണിം ണിം ണിം നീട്ടിയടിച്ചൊരു നാലുമണിച്ചായ..

നമശ്ശിവായയെന്നും
നമുക്കു കണ്ടുപിടിക്കാമെന്നും
ഉറക്കം മെഴുക്കുപുരട്ടിക്കൂട്ടിയൊരത്താഴം

തിരിച്ചു കിട്ടാൻ ഞെരുക്കമോർമ്മയിൽ
രുചിപെരുക്കുന്ന സുഭിക്ഷ ജീവിതം..

വിവാഹവാർഷികം
------------------------------
'കണ്ണീർപ്പാടം'*വായിച്ചു വായിച്ച്‌
പേടിച്ചിരിക്കുമ്പോഴാണ്‌
കഴുത്തിൽ വന്നു വീണത്‌
ഒരു കല്യാണമാല..
ഇടിയുന്ന കരകൾക്കിടയിലൂടെ
ഒഴുകുന്ന പ്രളയത്തിനു മീതെയൊരു
പുതിയപാലം പണിതതിൽപ്പിന്നെ
വിലപിടിപ്പുള്ള സമ്മാനങ്ങൾ കൊണ്ട്‌
അനശ്വരമോരോ വിവാഹ വാർഷികവും..
മറക്കുവാൻ മാത്രമോർമ്മിക്കുന്ന ദിനമിതെന്ന
പരിഭവം നൂലിട്ടൊരു പട്ടുസാരി..
പാതിരാവിൽ പരസ്പരമുണർത്തുവാൻ
വിരിനനച്ചു കൈകാലിട്ടടിക്കുന്ന
കുസൃതികൊണ്ടൊരു പൊന്മോതിരം..
അടുത്തചില്ലയിൽനിന്നും ചിലച്ചു വന്നെത്തുന്ന
കുരുവികളുടെ കൗതുകം കൊണ്ടൊരു കിളിക്കൂട്‌..
പിടിവിടാതെ മുല കുടിക്കുന്ന
പാൽപല്ലു പതിച്ചൊരു കൊച്ചുമൂക്കുത്തി..
ഇത്തവണയിത്തിരിക്കാശിന്നു മുട്ടിനാൽ
കടമായ്ക്കരുതണം തിരിച്ചുതന്നീടണം
കവിത ചാലിച്ചൊരു ചുംബനം മാത്രം!!



--------------------------
*വൈലോപ്പിള്ളിയുടെ കണ്ണീർപ്പാടം എന്ന കവിത്
പുഴയടിക്കുമ്പോൾ തൊട്ടുനക്കുന്നത്‌
-----------------------------------------------
ഗൾഫിൽനിന്നംസ വരുമ്പോൾ
ഒരു പുഴ കൊണ്ടുവരും

കൈതപ്പൊന്തകൾക്കിടയിലൂടെ
ഇഴഞ്ഞു വരുന്ന പണ്ടാരത്തോട്ടിലെ
ചിറപൊട്ടിച്ചൊഴിച്ചാൽ
ഒഴുകിപ്പരന്നു നിറയുകയായി

അപ്പോൾ നമ്മളെല്ലാരും കൂടി
വാപ്പുട്ടിക്കയുടെ വല കടം വാങ്ങും
പാനീസു കത്തിച്ചു
പുഴമീൻ പിടിക്കാനിറങ്ങും

കാലുവഴുതിക്കളിക്കുന്ന
കണ്ണന്മീനുകളോടൊപ്പം
ഗോട്ടിക്കഴുത്തുള്ള ഷോഡ
പുഴയിൽ പുളയ്ക്കും
വാഷു വാറ്റിയ വാസനയിൽ
മണൽ നുരയ്ക്കും

വെട്ടണ പലക ഈരണ പലക
ലോടോടും പല ചെമ്പലക..
എന്നൊരു പാട്ടിൻ തിമിർപ്പിൽ
പാനീസു കെട്ടു പോകും

കണ്ണന്മീനുകളൊക്കെ
ഉടുത്ത വലകളഴിച്ച്‌
പുഴക്കരയിൽ ഉടലുമാത്രമായിരിക്കും

നിലാവിനെപ്രേമിച്ച കഥ
ഓരോരുത്തരും വേറെ വേറെപ്പറയും

അപ്പോൾ കൈതപ്പൊന്തകൾക്കിടയിൽ
ഒരു ടോർച്ചു മിന്നും

നമ്മൾ അരിച്ചരിച്ചടുത്തുചെന്നു
പതുങ്ങിക്കിടക്കും

പുഴയപ്പോൾ നിലാവിനോട്‌
അടക്കം പറയുകയായിരിക്കും

നിലാപ്പുഴയൊഴുകുന്ന
നിഗൂഢരഹസ്യം നമ്മളിൽ
മണലു പോലെ പുരണ്ടിരിക്കും

പുലരും വരെ പിടച്ചു പിടച്ച്‌
കണ്ണന്മീനുകൾ
പുഴയിലേക്കു തന്നെ തിരിച്ചു തുള്ളും

ഗൾഫിൽനിന്നംസ വരുമ്പോൾ
ഒരു പുഴ കൊണ്ടുവരും
തൊട്ടുനക്കാനപ്പോൾ
ഒരു കഥയെരിയും
പറ്റേ വറ്റിയൊരു പുഴ
ഒറ്റരാത്രിയിലേക്കെങ്കിലും
ഒഴുക്കിത്തരും...
മടക്കിത്തരും...

ഭാഷാന്തരം
-----------------
മനസ്സു കടിച്ചു പിടിച്ചു നീയും
മൗനം ചവച്ചരച്ചു ഞാനും
പരസ്പരം കണ്ടുപിടിക്കുന്നത്‌
ഒരു പുതിയ ഭാഷയാണ്..

കൂട്ടാനത്ര നന്നായില്ലല്ലേന്ന്
എന്നെക്കൂട്ടാത്തതെന്തേന്നു
അസ്സലായിരിക്കുന്നുവെന്ന്
അതെന്റെ നിതാന്ത ദു:ഖമെന്ന്
ഇന്നലെയും ഇവിടെ മഴപെയ്തുവെന്ന്
ഇന്നലെകളൊലിച്ചു പോയില്ലേയെന്ന്
അകത്തത്ര ചൂടില്ലെന്ന്
അകത്തെച്ചൂടൊരിക്കലുമാറില്ലെന്ന്
ഇനിയെപ്പോഴാണു ബസ്സെന്ന്
ഇനിപ്പറഞ്ഞിട്ടെന്തെന്ന്
ഒരോട്ടോ പിടിക്കാമെന്ന്
ഓടിയൊളിക്കലല്ലേ ശീലമെന്ന്
മുറ്റത്തെപ്പൂക്കളെന്തു ചന്തമെന്ന്
മനസ്സെവിടെയൊളിച്ചു വയ്ക്കുമെന്ന്
ഇനിയെന്നു വരുമെന്ന്
ഇത്രകാലമെവിടെയായിരുന്നതെന്ന്
ഇടയ്ക്കെപ്പോഴെങ്കിലുമാട്ടെയെന്ന്
ഇടനെഞ്ചിലൊരു വിങ്ങലെന്ന്.....

വിവർത്തനത്തിനു വഴി തിരഞ്ഞ്‌
വെറും വാക്കുകൾ വഴുതി നീളവേ
നമുക്കിടയ്ക്കൊരു നിശബ്ദ ഭാഷയിൽ
നിറഞ്ഞു പെയ്യുന്നു നേരിൻ പദാവലി

നാണവും മാനവും
-----------------------
നാണമെന്നത്‌
മറയ്ക്കാനെളുപ്പമുള്ള
ഒരു മടക്കിനുള്ളിലാണ്‌
ഒരിലച്ചീന്തേ വേണ്ടൂ
ഒരു തുണിക്കഷ്ണമേ വേണ്ടൂ
അറ്റകയ്യിന്‌
ഒറ്റക്കയ്യേ വേണ്ടൂ
മറഞ്ഞുകിട്ടും

മാനമെന്നത്‌
മറയ്ക്കാനെളുതല്ലാതെ
മടക്കുകൾക്കൊതുങ്ങാതെ
നീലപ്പെരുമ്പരപ്പ്‌
എങ്കിലും
സ്വയമടച്ചു പിടിച്ചൊരു
കണ്ണേ വേണ്ടൂ
മറന്നു കിട്ടും

കാലമെന്നത്‌
മറച്ചുവെച്ചതും
മറന്നു പോയതും
തിരിച്ചെടുത്തിളിച്ചുകാട്ടും
ഒളിച്ചുപോകാൻ
ഒഴിഞ്ഞുമാറാൻ
അടച്ചുവയ്ക്കാൻ
കുഴിച്ചിരിക്കയാം
മണ്ണിലാറടി

ഒരിലച്ചീന്തേ വേണ്ടൂ
ഒരു തുണിക്കഷ്ണമേ വേണ്ടൂ
ഒരടഞ്ഞ കണ്ണേ വേണ്ടൂ
മരിച്ചു കിട്ടും

രമണീയം
--------------
നിന്നെ
നനഞ്ഞു കുതിർന്ന
കാട്ടുവഴിയിലൂടെ
കുളിർന്ന കൂരിരുട്ടിലൂടെ
ഒരു സംഭ്രമം പുതച്ച്‌
വഴിതെറ്റണേയെന്നു
വടികുത്തി
വെളിച്ചപ്പെടല്ലേയെന്നു
കണ്ണടച്ച്‌
വീണടിയണേയെന്നു
മണ്ണുതിരയുമ്പോൾ
ഒരു പാറക്കല്ല്
പരിരംഭണം ചെയ്യുന്നു

പാപി പാപി എന്നൊരു
പരുക്കൻ കരച്ചിൽ
കരുണയെക്കൈവിടുന്നു

കാമനയെ
മൃഗത്തെ
പ്രാചീനമായ
ഒരു ഗുഹാമുഖത്തെ
പ്രാപിക്കുന്നു

കണ്ണീര്‌ കണ്ണീര്‌
എന്നു കരുതുന്നതൊക്കെ
മദഗന്ധിയായ
സ്രവങ്ങളായി ഒഴുകുന്നു

അപഭ്രംശത്ത്തിന്റെ
പുരാണങ്ങളിൽ
വിലകെട്ട പരിശുദ്ധി
ഉദ്ധൃത ശിലകളെ
പാപധാരയിൽ
അഭിഷേചിച്ച്‌
വിമലീകരിച്ച്‌
വിഗ്രഹങ്ങളാക്കുന്നു

ഇനിയെനിക്ക്‌
നിന്നിൽ രമിക്കാം
അഴിഞ്ഞ്‌
നിന്നിൽ നീരാടാം

നീ പുലരുവോളവും
ഞാൻ പൂർത്തിയാവോളവും
നീ കന്യകയാവോളവും
ഞാനതിൻ പുല്ലിംഗമാവോളവും
നനഞ്ഞ മണ്ണിൽ
ഒപ്പം ശയിക്കാം
രമിക്കാം
മരിക്കാം
ആഭിചാരം
----------------
സന്ധ്യ
ഒരാഭിചാരക്കളം

ആരക്തപുഷ്പകം
തീക്കനൽത്താരകം
ചിതാഭസ്മധൂളികൾ
തമോധൂമ്രപടലം
ദുർഗ്ഘടോച്ചാരകം
കുടിലമന്ത്രാക്ഷരം
ആസുരതീക്ഷ്ണം
ആഗ്നേയകുണ്ഡം
തഡിത്ഘോഷതുല്യം
ഘോരാട്ടഹാസം

ചുടലക്കധീശൻ
ഭൂതബാധോച്ചാടകൻ
കളംകൊണ്ടിരിക്കയാം
ബാധയും ഞാനും

കലർപ്പറ്റ കാഞ്ഞിരം
കൂർപ്പൊത്തൊരാണി
ആവാഹനോദ്യുക്തം
തീവ്രപ്രയോഗം

കൂരിരുൾക്കുത്തിലും
തീക്കനൽച്ചൂടിലും
ചൂരൽപ്പിടയിലും
ചൂഴ്‌ന്നമന്ത്രത്തിലും
തീരെപ്പിരിയാതെ
ബാധയും ഞാനും

കൂർപ്പിച്ചൊരാണിയിനി
ക്കളയാവതല്ലെന്നു
തോറ്റുമടങ്ങാതെയ-
ക്കാലമുച്ചാടകൻ

കളംകൊണ്ടു കാലം
കളംകൊണ്ടു ബാധ
കളംകൊണ്ടു ഞാനും

ഉഗ്രപ്രതാപിയാം
ഉച്ചാടകന്നിനി
ഒടുവിലെക്കൈക്കി-
രുമ്പാണിതേടും
കൊടുംശാപ മന്ത്രണം
നീറ്റിയെൻബാധയെൻ
നെറ്റിയിൽതന്നെ
തുളച്ചുകേറ്റും

ഒഴുകുന്ന ചോരയിൽ
ബാധയെ,ജ്ജീവനെ,യെന്നെ
പ്പിരിക്കുന്ന ചോപ്പിൽ
തുടുക്കുമീ സന്ധ്യയിൽ
കളം പൂണ്ടുനിൽക്കും
തിളയ്ക്കും വികാരം
തുടിക്കും വിചാരം
ബാധയേ ഞാനെ-
ന്നൊരാഭിചാരം

കടുവ
--------------


ക്രൂരൻ കടുവയെന്നൊക്കെ
ബാലരമയിലും മറ്റും
പേരിട്ടു പേടിപ്പിച്ചതോണ്ടല്ലേ
കൂട്ടിൽ പൂട്ടിയിട്ടിരിക്കുന്നത്‌
ഒരു പാവം കടുവയെ..

പേരിലെപ്പേടിവാതിലുകൾ
തുറന്നുവയ്ക്കുകിൽ
പുറത്തേക്കടുത്തേക്കു
പ്രണയപൂർവ്വം വരും

മിനുമിനുത്ത മീശരോമങ്ങാൾ
ചെവിക്കുപിറകിൽ
ചേർത്തിക്കിളികൂട്ടും

കഴുത്തുചുറ്റിപ്പിടിച്ച്‌
കണ്ണിൽ നോക്കിയാൽ
മിന്നിമറിയുമൊരു കുസൃതിച്ചിരി

നഖമുനകൾ നീളെയുടൽമുഴുവൻ
സുഖമെഴുമൊരു നീറ്റൽ വരയ്ക്കും

പൊടിയുന്ന ചോരയുടെ
മണമടിക്കുന്ന മാത്രയിൽ
കടുവയിൽ ഉണർന്നു തുടിക്കും
ഒരു കരുണയുടെ കാട്‌.

അലിവിൽ, ഒരാനന്ദധാരയിൽ
 കടവായിൽ നിന്നും
കോമ്പല്ലുകൾ കൂർത്തു നീളും

ഇരയുടെ സിരകളിലപ്പൊൾ,
കുതികുതിച്ചൊഴുകും
സമർപ്പണത്തിന്റെ ചോര

കഴുത്തിലേക്കാഴ്‌ന്നിറങ്ങും
കാലാന്തരങ്ങളായി
കോമ്പല്ലുകളിൽ കരുതിവച്ച കരുണ

ആത്മനിർവ്വൃതിയാർന്ന
ഒരുപിടച്ചിലിൽ,
കാലടികളിലേയ്ക്കൊന്നു
കുനിഞ്ഞൊതുങ്ങി,
പ്രാണഗതിയവിടെ
പൂർണതനേടിയൊടുങ്ങും

അതിൽപിന്നെ,
നെഞ്ചു പിളർന്ന്
മൃദുവാർന്നൊരു ഹൃദയം
നുണഞ്ഞു നുണഞ്ഞു
കരഞ്ഞുകൊണ്ടേയിരിക്കും
പാവം കടുവ..

പുസ്തകപ്രവേശം
-------------------------

അലമാരക്കുള്ളിൽ ഒളിച്ചിരിക്കുന്ന
അതിപ്രശസ്തമായ
അഖിലരും വാഴ്ത്തുന്ന
അറിയാത്തോരും വ്യാഖ്യാനിച്ചിട്ടുള്ള
ഇനിയുമാരും വായിച്ചിട്ടില്ലാത്ത
ഒരു പുസ്തകത്തിലേക്ക്‌
ഒളിച്ചുകടക്കണം

ഓരോ വരിയിലും ചെന്നു പറ്റണം
ഓരൊ വാക്കിലുമൊട്ടിപ്പിടിക്കണം
ഓരോ അക്ഷരത്തിന്റേയും
ഉള്ളിൽ കടക്കണം

അപ്പോൾ അക്ഷരമൊന്നു
ഞെളിപിരികൊള്ളും
വാക്കിൻ വയറ്റിൽ
ഒരാന്തലോടും
വരികൾ
വരിവിട്ടു പുളയും

പുറങ്ങളിൽനിന്നു
പുറങ്ങളിലേക്ക്‌
പൂരപ്പറമ്പിലെന്നപോലെ
ആർക്കും നിയന്ത്രണമില്ലാതെ
പരക്കം പായുകയായിരിക്കും
വരികൾ, വാക്കുകൾ
അക്ഷരങ്ങൾ..

അകത്തെക്കോലാഹലത്തിൽ
പുറംചട്ടയടർന്നു വീഴും
അലമാര തകർന്നു വീഴും
അടരടരായ്‌ പുറങ്ങളൊക്കെയും
അടർന്നു വീഴും

അതുവരെക്കാണാത്ത
ലിപികളിൽ
ആൾക്കൂട്ടപ്പെരുവഴിയിൽ
ഒരു പുതിയ പുസ്തകം
ഇതളിതളായി
പാറിവീഴും

അക്ഷരങ്ങളറിയാത്തവർ
പുസ്തകം കാണാത്തവർ
അന്ധർ
അതുറക്കെയുറക്കെ വായിക്കും
എന്റെയക്ഷരം
എന്റെവാക്കെന്റെവരികൾ
എന്റെ പുസ്തകമെന്ന്
ആർത്തുവിളിക്കും

ആർക്കും വായിക്കാവുന്ന
ആ പുസ്തകത്തിനപ്പോൾ
എന്റെ പേരായിരിക്കു
പല ലോകങ്ങളിൽ ഒരു പെൺകുട്ടി
-------------------------------------------

പല ലോകങ്ങളുള്ളിൽ
പൂഴ്ത്തിവച്ചിരിക്കുന്ന
പൂമ്പാറ്റപോലൊരു
പെൺകുട്ടിയുണ്ട്‌

പലനേരങ്ങളിൽ
അവയിലോരോന്നു
പുറത്തെടുത്ത്‌
അവയിൽ അലയുമവൾ

ശലഭകാലമാണേവരും
സുലഭമായ്ക്കാണുക
നരകവാതിലുകൾ
സ്വർഗ്ഗത്തിലേക്കു തുറന്നും
കരിഞ്ഞുണങ്ങിയ വസന്തത്തിൽ
തേൻ നിറച്ചിതൾ വിരിച്ചും
ചിറകടിച്ചോരോ ചിദംബരത്തിലും
മഴവില്ലുകുലച്ചും
മധുരമൊരഭൗമഗീതത്തിന്റെ
ഈണം പുണർന്നും
പറന്നു നടക്കും


പിന്നെ,
ഒരു പനിനീർപ്പൂവിലേക്ക്‌
പക്ഷമൊതുക്കി
പതുക്കെ പടികളിറങ്ങി
ഇനിയൊരു ലോകം
പുറത്തെടുക്കുന്നത്‌
അധികമാരും അറിയില്ല

പ്യൂപ്പയെപ്പോലൊരു
പുതപ്പാണത്‌
വിസ്മയിപ്പിക്കുന്ന ഒരു
വിശാലലോകമാണതിനുള്ളിൽ..
നൂണ്ടുകടന്നവർക്കേ അറിയൂ


ചിറകുള്ള ഒരു കുതിരപ്പുറത്താണ്‌
മിക്കപ്പൊഴുമവൾ അവിടെയലയുക
നക്ഷത്രങ്ങളിൽ നിന്നും
നക്ഷത്രങ്ങളിലേക്ക്‌ പറന്നു നടക്കും
പൂവിന്റെ പുഞ്ചിരിക്കുള്ളിൽ കടക്കും
സന്തോഷം കൊണ്ടു കരഞ്ഞു കരഞ്ഞ്‌
കണ്ണീരുകൊണ്ടൊരു കടൽ നിറയ്ക്കും
കിഴക്കിനെ പടിഞ്ഞാറോട്ടൊഴുക്കും
ആഹ്ലാദം തിരതല്ലുമൊരരിശത്തിൽ
ചന്ദ്രനെ ഒരു പളുങ്കു പാത്രം പോലെ
ഭൂമിയിലെറിഞ്ഞു പൊട്ടിക്കും
കണങ്ങളായി വേർപ്പെട്ടും
കാറ്റായി വീശിയും
തമോഗർത്തങ്ങളിൽ
വെളിച്ചമായൊടുങ്ങിയുമൊക്കെ
തീരുന്നതിനിടയിൽ ....

......ഒരു പുഴുവായി
പ്യൂപ്പയിൽനിന്നും
പുറത്തേക്ക്‌
അരിച്ചിറങ്ങും


അപ്പോൾ
കയ്പനിലകളുടെ ഒരു ലോകം
മുള്ളുവേലികളിടകലർന്ന്
പച്ചച്ചിരി പടർത്തി പന്തലിക്കും
വായും വയറുമേ വാഴ്‌വെന്ന്
ഉഴിഞ്ഞു വയ്ക്കും
അരിച്ചെത്തുന്ന വഴുപ്പിനെ
ചെടിക്കുന്ന ചിലയിലകൾ
പതിയെ തലവലിക്കും
അവയെ കടിച്ചു കടിച്ചുതിന്നും
കരിമ്പച്ച നിറത്തിൽ ചിലത്‌
ഗമകാട്ടി നിൽക്കും
അവയൊക്കെ കരണ്ടു കരണ്ട്‌
വികൃതമാക്കും
തണ്ടുമൂക്കാത്ത തളിരിലകളിൽ
ഇക്കിളിയിട്ട്‌
അവയെ തണ്ടോടെ തിന്നു തീർത്ത്‌
പിന്നെയൂം വിശന്ന്
പിന്നെയും തിന്നു തിന്ന്
ഉഴറിയലഞ്ഞ്‌
മടുത്ത്..
അടുത്ത ലോകം
ഉള്ളിൽ തിരയും

അപ്പോൾ..
പുഴുക്കൾക്കുള്ളിൽ
പുതിയലോകങ്ങൾക്ക്‌
ഒളിച്ചിരിക്കാനിടമില്ലെന്ന്
ശൂന്യതയിൽ
ഒരു ഞെട്ടൽ തടഞ്ഞ്‌
തരിച്ചു നിൽക്കും
പെൺകുട്ടി

നഷ്ടലോകങ്ങളുരുട്ടിയുരുട്ടി
പൂമ്പാറ്റപോലൊരു
പെൺകുട്ടിയപ്പോൾ
ഒരണ്ഢരൂപം കൈക്കൊള്ളും
പുഴുക്കൾക്കു പിറക്കാനായി
ഇരയിലകൾക്കടിയിൽ
ഒരു ചെറുതരിയായി
പറ്റിപ്പിറ്റിച്ചു കിടക്കുന്ന
ആ നിസ്സാരതയ്ക്കപ്പോൾ
ബ്രഹ്മാണ്ഢമെന്നും
പേരുണ്ടാവും

മഴപ്പലഹാരം
-----------------
പെരുമഴയിനിയും
വരവുണ്ടതിനെ-
പ്പൊരിവെയിൽ
മുക്കിയുണക്കി
യെടുത്തിട്ടു
പ്പുമ്മുളകും
തേച്ചുപിടിപ്പി
ച്ചൊപ്പം മഴവിൽ
ചേർത്തുപുരട്ടീ
ട്ടിലയിൽ തുള്ളും
തുള്ളിപെരുക്കീ
ട്ടിടിയിൽ മുഴങ്ങു
ന്നെണ്ണയിൽമുക്കി
ക്കുത്തിയൊലിക്കും
വെള്ളക്കുത്തിൽ
തിളതിളയൊന്നു
തിളച്ചുപുളച്ചി
ട്ടായും കാറ്റിൻ
മണമൊന്നേറ്റാ
ലിറയിലൊലിക്കും
കോരിക കൊണ്ടീ
ച്ചുടു ചുടു മൊരിയും
മഴയെക്കോരി
ക്കൊതിയൻ ചിന്ത -
കളൂറും വായിൽ
നിറയെക്കറുമുറെ
രുചിയായ്പെയ്യാൻ
പെരുമഴയിനിയും
വരവുണ്ടെന്നിൽ..

തടവറ
-----------
തടവറകളെക്കുറിച്ചാണ്‌
ഗോണ്ട്വനാമോയിലും
യർവാദയിലും
വിയ്യൂരിലും
ഉള്ളവയെക്കുറിച്ചല്ല
ഉണ്ടായിരുന്നവയെക്കുറിച്ചുമല്ല

തടവറകളെക്കുറിച്ചാണ്‌
ഇരുമ്പഴികളെക്കുറിച്ചും
ഗോതമ്പുണ്ടകളെക്കുറിച്ചും
എന്തിന്‌,
തൂക്കു മരങ്ങളെക്കുറിച്ചുപോലും അല്ല.

തടവറകളെക്കുറിച്ചാണ്‌
ജാമ്യത്തെക്കുറിച്ചോ
പരോളിനെക്കുറിച്ചോ
ജീവപര്യന്തത്തെക്കുറിച്ചോ
ജീവനെക്കുറിച്ചുപോലുമോ
അല്ല..

പക്ഷേ തടവറകളെക്കുറിച്ചാണ്‌
അതുകൊണ്ടുതന്നെ
സ്വാതന്ത്ര്യത്തെക്കുറിച്ചും..

അടുക്കടുക്കായി
ചൂളകളിൽ ചുട്ടെടുത്ത്‌
ഇടംവലം തിരിയാനാവത്ത വിധം
പുറത്തു കടക്കാനാവാത്ത വിധം
ചുറ്റും വരിഞ്ഞുകെട്ടിയുയർത്തിയ
സ്വാതന്ത്ര്യത്തെക്കുറിച്ചാണ്‌

തടവറകളെക്കുറിച്ചാണ്‌
തലവരകളെക്കുറിച്ചാണ്‌

മോഹമരം
--------------

സൂര്യനെച്ചുംബിക്കാൻ
തളിരിലച്ചുണ്ടു നീട്ടുന്ന
മരം,
വർഷങ്ങൾ ഇലയടർന്ന്
തൃഷ്ണയുടെ ശിഖരങ്ങളെ
മുകളിലേക്കാഞ്ഞ്‌
വെയിൽ വള്ളികളിൽ
ഞാന്നു ഞാന്ന്
ലക്ഷ്യം തൊടാതെ
മടുത്ത്‌
ക്ഷമയറ്റ്‌
ഉലഞ്ഞു നിൽക്കെ
ഒരു ദിവസം
മഴ നനഞ്ഞ ഒരു ലക്കോട്ടിനുള്ളിൽ
വീശിയടിക്കുന്ന ചുഴലി പോലെ
ഒരെഴുത്തുകിട്ടും

കാത്തു കാത്തിരുന്ന
ഒരു പ്രണയലേഖനത്തിൽ
തുടിച്ചു തുള്ളി
വേരുകളിൽ നിന്നു
കടപുഴകി
വേർപെടും

ഇരുവശങ്ങളിലേക്കും
ഇപ്പോൾ മുളച്ചു പൊന്തും
ഗോളാന്തരപ്രപ്തിക്കുള്ള
പടുകൂറ്റൻ ചിറകുകളെന്ന്
ഒരു കുതിപ്പിൽ
ഗുരുത്വബലഭേദനമെന്ന്
മരക്കാതൽ
ത്വരയ്ക്കും


പക്ഷെ
അകലെ
സൂര്യൻ
വെയിലറ്റു വിളറി നിൽക്കെ
ഒരു പുൽക്കൊടിത്തലപ്പിൽ
കുടുങ്ങി
നനഞ്ഞ മണ്ണിൽ
പതിഞ്ഞൊടുങ്ങി
ഇലകൾ ഇടകലർന്ന് കിടക്കുന്ന
മുളയ്ക്കാത്ത ചിറകുകളുടെ
കൊഴിഞ്ഞ തൂവലുകളിൽ
തല ചയ്ച്ചുറങ്ങും
മരിച്ച മോഹങ്ങളുടെ
മരം

സ്പർശം
-----------
എന്നും കാണുന്നുണ്ട്‌
ഒപ്പം ഇരിക്കുന്നുണ്ട്‌
കൈ കോർത്തു പിടിക്കുന്നുണ്ട്‌
ചിലപ്പോൾ പുണരുന്നുണ്ട്‌
ഉമ്മ വയ്ക്കുന്നുണ്ട്‌
ഒപ്പം ശയിക്കുന്നുണ്ട്‌
തമ്മിലിണചേരുന്നുപോലുമുണ്ട്‌
എന്നാലും
എന്നാണ്‌
ഒന്നു തൊടാനാവുക?
സ്വപ്നവിശ്ലേഷകൻ
--------------------------

സ്വപ്നത്തിലേക്കുണർന്ന
ഒരു പാതിരയിൽ
പടികടന്നു വരുന്നു
സിഗ്മണ്ട്‌ ഫ്രോയ്ഡ്‌

അബോധത്തിൽ
ആണ്ടു കിടന്നിരുന്ന
ഒരാശ്ലേഷത്തിൽ ഞങ്ങൾ
സർപ്പങ്ങളെപ്പോലെ
തമ്മിൽ പിണയുന്നതിനിടെ.
വ്യാഖ്യാനിക്കാൻ
വിഷമമുള്ള ചില
സ്വപ്നങ്ങൾ നിർമിക്കുന്ന
എന്റെ പണിപ്പുരയിലേക്കു
ഒളിച്ചു കടക്കുകയായി,
സ്വപ്നവിശ്ലേഷകൻ

പണിതീരാത്ത ഓരോ
സ്വപ്നങ്ങളുടെയും
പരുക്കൻ വടിവുകളിലൂടെ
തഴക്കം വന്ന ഒരു
മൂത്താശ്ശാരിയെപ്പോലെ
കൗതുകപൂർവം
കയ്യോടിക്കുകയായി

ഒന്നാം സ്വപ്നം:

മംഗലാപുരത്തുനിന്നും
മദിരാശിയിലേക്കു പോവുന്ന
മെയിൽ തീവണ്ടി
മാനാഞ്ചിറയിലേക്ക്‌
രണ്ടാം ഗെയിറ്റിന്റെ
ലെവൽക്രൊസ്സ്‌ നൂണ്‌
റോട്ടിലേക്കിറങ്ങുന്നതാണ്‌
ഒന്നാം സ്വപ്നം

തീവണ്ടിയുടെ തലയിലൊന്നു
തട്ടി നോക്കിക്കൊണ്ട്‌
ഫ്രോയ്ഡ്‌ പറയുന്നൂ
" പ്രായം തികയാത്ത
ഒരു സ്വപ്നം തന്നെ..
വല്യങ്ങാടി വഴി
കടലിലേക്കിറങ്ങേണ്ട
വണ്ടിയായിരുന്നു..
ഒഴുക്കറ്റ ഒരു കുളം
ചുറ്റിത്തിരയുന്നു"

വിഷണ്ണനായി നിൽക്കവേ
ഫ്രോയ്ഡിന്റെ കത്തുന്ന
ഒരു നോട്ടത്തിൽ
ഉരിഞ്ഞുവീണ
ഉടുവസ്ത്രത്തിൽ നിന്നും
എഴുന്നു നീളുന്നു
ഒരു തീവണ്ടി

രണ്ടാം സ്വപ്നം:

പരീക്ഷക്കു പോവുന്ന
ഒരു പേനയുടെ സ്വപ്നമാണടുത്തത്‌
ഹാളിലെത്തുമ്പോഴാണ്‌
പേനയോർക്കുന്നത്‌
തന്നെപ്പിടിക്കാനുള്ള കൈ
ഒരു മിടുക്കൻ വിദ്യാർത്ഥിയുടെ
തോളിൽ മറന്നു വെച്ചത്‌

ഒന്നു ശങ്കിച്ച്‌
ഫ്രോയ്ഡ്‌ ഒരുത്തരക്കടലാസ്സെടുത്ത്‌
ചെമ്പരത്തിപ്പൂവിന്റെ
നെടുകെയുള്ള ഛേദം വരച്ച്‌
അതിൽ അണ്ഡാശയം അടയാളപ്പെടുത്തി

പേനയറ്റ ഒരു വിരൽ
പരീക്ഷ പാസ്സായ സന്തോഷത്തിൽ
സ്വയം ഭോഗത്തിലെന്നപോലെ
ചോര ചീറ്റിത്തെറിപ്പിക്കുകകൂടി ചെയ്തപ്പോൾ
സ്വപ്നത്തിന്‌
ഉണർച്ച കൊണ്ടു
വിരാമചിഹ്നമിട്ടു, ഫ്രോയ്ഡ്‌

മൂന്നാം സ്വപ്നം:

ആനയുടെ സ്വപ്നമാണ്‌
മൂന്നാമത്തേത്‌
സ്വപ്നപ്പുരയുടെ
മുക്കിലൊളിപ്പിച്ചുവച്ചിരുന്ന,
ആനപ്പുറത്ത്‌
ഒരാൾക്കൂട്ടം
വീനസ്സിന്റെ തിടമ്പെഴുന്നെള്ളിക്കുന്ന
സ്വപ്നമാണത്‌

ശരിക്കും ജീവനുള്ള
പരിപൂർണ നഗ്നയായ
വീനസ്സിനെ..

ആണുങ്ങളുടെ
സാധാരണ സ്വപ്നമെന്നു
ഒരിട ഫ്രോയ്ഡൊർക്കേ
ആനയുടെ
അഞ്ചാം കാലും
തുമ്പിക്കയ്യും
പരസ്പരം സ്ഥാനം മാറുന്നു

കണ്ണുകൾ മുനിഞ്ഞു കത്തുന്ന
പൂത്താലങ്ങളിലേക്ക്‌
നീണ്ടു ചെന്ന്
എണ്ണയൊഴിക്കുന്നു
ആണും പെണ്ണുമൊന്നടങ്കം
പൂത്താലങ്ങളും
കുത്തുവിളക്കുകളും
വാദ്യവൃന്ദങ്ങളുമായി
ആനവായിലെക്ക്‌
ഘോഷയാത്രയായി
കയറി മറഞ്ഞു പോവുന്നു

ആനയും വീനസ്സും
ആളൊഴിഞ്ഞ പാതയിൽ
അന്തം വിട്ടു നിൽക്കേ
മുറിഞ്ഞു പോവുന്ന
ആ സ്വപ്നത്തിൽ
ആനയുടെ അഞ്ചാം കാലിൽ
ഒരു ചിഹ്നം വിളിയോ
വീനസ്സിന്റെ മൂക്കിൻ തുമ്പത്ത്‌ ഒരാനത്തോട്ടിയോ
ചേർക്കാമെങ്കിലും
ആഞ്ചാം കാലുള്ള ആനയുടെ
കൊമ്പില്ലായ്മ തുളച്ചുകയറി
ചങ്ങലകളറ്റു വീഴുന്നു
സിഗ്മണ്ട്‌ ഫ്രോയ്ഡ്‌



പ്രച്ഛന്നം
------------

വിരാഗം
മരുഭൂമിയൊഴുകുന്ന ഒരു
പുഴയാകുന്നു

ചുട്ടു പഴുത്ത്‌
ഉറവിടങ്ങളിലേക്ക്‌
തിരിച്ചൊഴുകുന്നു

മരീചികകളുടെ
കടത്തു വഞ്ചികളെ
പേറന്നു

നിബിഢ വനസ്ഥലികളിലേക്ക്‌
കുത്തിയൊഴുകി
മണൽപ്പരപ്പു
നിറയ്ക്കുന്നു

പരൽമീനുകളെ
മരുമണ്ഢലികളാക്കി
വിഷം പുളപ്പിക്കന്നു

ഒഴുകിപ്പരന്ന്
വേനലിനോടൊപ്പം
സൂര്യനെത്താരാട്ടന്നു

വിരാഗം
പുഴയെ ആഴങ്ങളിൽ
കുടിയിരുത്തുന്ന
മരുഭൂമിയാകുന്നു

ആസക്തിയുടെ
സദാചാരവും!!
അവൾ
-----------

ആരോ ഒരാൾ
മടിപിടിച്ചുറങ്ങുന്ന മാമരങ്ങളെ
പിടിച്ചു കുലുക്കിയെഴുന്നേൽപ്പിക്കുന്നു..
കിഴക്കടുക്കളയിലെ വിറകടുപ്പിലേക്ക്‌
ഒരരുണരശ്മി തിരുകി വയ്ക്കുന്നു.
നക്ഷത്രങ്ങൾ അവിടവിടെ വീണ്‌
അലങ്കോലപ്പെട്ട ആകാശം
അടിച്ചു വാരുന്നു

ഇന്നലെയുടെ മുഷിപ്പുമുഴുവൻ
അടിച്ചു നനച്ച്‌
ഒരു പുഴയിലൊഴുക്കുന്നു

ഇപ്പോഴിതാ കുളികഴിഞ്ഞെത്തിയിരിക്കുന്നു
വെളിച്ചം കൊണ്ടൊരു പുടവയുത്ത്‌

സംശയിക്കേണ്ട..
അവൾ തന്നെ..

-------------------
മൊഴിമുടിയിലേക്ക്‌
--------------------------‌

മൊഴിമുടികൾ
മേഘമാലകളെ
മീട്ടുമ്പോൾ
മലമടക്കുകൾക്കിടയിൽ നിന്നും
പാട്ടു പോലെ
ഒരു പുഴ പുറപ്പെടും

ഒഴിഞ്ഞിരിക്കുന്നതൊക്കെ
 നിറഞ്ഞു കവിയും
അഴുക്കടിഞ്ഞതൊക്കെ‌
ഒഴുക്കിലൊലിക്കും
അതിരുകൾ
അഹന്ത വിട്ട്‌
ഇടിഞ്ഞു തകരും
കനപ്പെട്ടുറച്ച
പരുക്കൻ കല്ലുകൾ
ഒഴുകിയുരുണ്ടു
മിനുസപ്പെടും

പുഴ പുറപ്പെടുന്നിടത്ത്‌
ഒറ്റയ്ക്കു ചെല്ലണം

ഒരു നിമിഷം..
ഒരൊറ്റത്തോന്നലിൽ
ഒരൊറ്റവാക്കിനെക്കൂട്ടി
എടുത്തു ചാടണം

കാറ്റിനോടൊപ്പവും
കാടിനോടൊപ്പവും
കല്ലിനോടൊപ്പവും
മണ്ണിനോടൊപ്പവും
മനുഷ്യനോടൊപ്പവും
ചേരുന്നൊരൊറ്റവാക്ക്‌..

മലമുകളിലെവിടെയോ
കുടുങ്ങിക്കിടക്കുന്ന
ആ ഒറ്റവാക്കിലേക്ക്‌
ഇനിയുമെത്ര കേറണം
ആഴിയോളം അഗാധത
പൂണ്ടുകിടക്കുന്ന
ആ ഒറ്റവാക്കിന്റെ
ആഴത്തിലേക്ക്‌
ഇനിയുമെത്ര
താഴണം

നിലവിളിക്കുന്ന്
-------------------------
നിലവിളിക്കുന്നുണ്ട്‌
നിലതെറ്റിയിരുവർ,
നടന്നു കേറേണ്ടവർ
മറന്നു തീരേണ്ടവർ

ഒരുടലു മാത്രം പേരു-
മിടവഴിയിൽ കുടുങ്ങിയോർ

ഒരുമഴക്കാട്ടി
ലൊരുമരം ഒരുതുള്ളി ,
ഒരു ചെത്തമുള്ളിൽ
പെരുമഴ  നിറച്ചവർ

ഒരു കിതപ്പിലൊരു കാത
മരയരയായ്‌
പകുത്തു കേറിയോർ

മുകളിലൊരു നീരാഴിയായ്‌
പരസ്പരം മുങ്ങിക്കുളിച്ചവർ

വഴികൾ, വഴിപാടുകൾ
വീണുടയുന്നിടത്തോളവും
നട തുറന്നിരിക്കുന്ന
ദേവനെത്തേടുവോർ

അടയുന്ന ശ്രീലകത്തൊപ്പം
തടവിലാക്കപ്പെട്ടു
നിലവിളിക്കുന്നവർ

നിലവിളിക്കുന്നുണ്ട്‌
നിലവിളിക്കുന്നുണ്ട്‌

ചമ്മന്തി
.................

എത്രീസായി
ഒരു ചമ്മന്തി കൂട്ടീട്ട്‌
എന്നു പഴഞ്ചോറിനു മുന്നിൽ
മിഴുങ്ങസ്യാന്നിരിക്കുമ്പോഴല്ലേ
ദാ വരുന്നൂ
കണ്ണിൽ ചീനമുളകെരിച്ച്‌
കവിളാകെച്ചുവന്നുള്ളി നുള്ളിപ്പൊളിച്ച്‌‌
കടും തോടൊറ്റ നോട്ടം കൊണ്ടുടച്ച്‌
നിലാനാളികേരം
കനവാകെച്ചിരകി നിറച്ച്‌
അവൾ.

കുത്തിച്ചതച്ചരച്ചെടുക്കുന്ന നേരം
പെട്ടെന്നൊരൊർമ്മയിൽ
പറ്റേ മറന്നൊരു കൂട്ടു ചേർക്കാനുണ്ട്‌..

എവിടെയെവിടെയെന്നളുക്കു തിരയുന്നേരം
തിരപെരുക്കും കടലിനെ
കുറുക്കിയൊളിപ്പിച്ചിരിക്കയാം
ചുംബനം കൊണ്ടേ തൊട്ടെടുക്കുവാൻ
ചൊടികളിൽ
ജീവന്റെ
ഉപ്പ്‌!


നഗരത്തിൽ
-------------------
നാലുവരിപ്പാതയൊന്നു
കുടഞ്ഞു വിരിച്ച്‌
നഗരത്തിലേക്കു
നീണ്ടു നിവർന്ന്
കണ്ണടയ്ക്കുന്നു.

നഗരമപ്പോൾ
സമയസൂചികളെക്കൊണ്ട്‌
പാതിരാപ്പൂക്കളെ
ഇക്കിളി കൂട്ടിയുണർത്തുന്നു

നിരവധി വളയൻ വഴികൾ
ശിഖരങ്ങൾ തീർത്തും
കുറുമ്പാതകൾ
ഇടക്കൊമ്പുകൾ ചേർത്തും
തിക്കും തിരക്കും
പൂണ്ടിലകൾ ഞെരുങ്ങിയും
ഒരു കൊടും കാടു
പന്തലിക്കുന്നു

മഴത്തുമ്പികൾ
അജ്ഞാതമായ
 കൊട്ടാരങ്ങളിൽനിന്നിറങ്ങി വന്ന്
ലതാഗൃഹങ്ങളിലേക്കു
വഴി കാണിക്കുന്നു

ഒരു കുഞ്ഞിക്കിളി
പതിയെ പറന്നിറങ്ങി
തൂവലുകൾ കുടഞ്ഞ്‌
വിറച്ചു വിറച്ചു
വെറുതേയിരിക്കുന്നു

മേഘങ്ങൾ
മഴനൂലിൽ ഞാന്നിറങ്ങി
ഒരൂഷ്മള കംബളം
പുതപ്പിക്കുന്നു

തലയ്ക്കു മീതേ
നഗരം കുതിച്ചു പായട്ടെ
കാൽക്കീഴിൽ
നിസ്വത നിരാലംബമമരട്ടെ
ഇനിയുറങ്ങാം

കാടു കാവലുണ്ടല്ലോ
കിളി കൂട്ടിരിപ്പുണ്ടല്ലോ
നീയരികെയുണ്ടല്ലോ
ഇനിയുറങ്ങാം

പുഴുവിനോടൊപ്പം
----------------------

ചെടിപ്പിക്കുന്ന
ഒരു പുഴുവരിച്ചു കയറും
വെറും നിലത്ത്‌
വെറുതേ കിടക്കുന്ന
ചില നേരത്ത്‌

കുടഞ്ഞു കളയാൻ
തുടിക്കുമെങ്കിലും
ഉണർന്നു കിട്ടുകയില്ല
മയക്കം

അറപ്പ്‌ അരിച്ചരിച്ച്‌
ഉടൽ മുഴുവനിഴഞ്ഞ്‌
അവിടവിടെ വിസർജിച്ച്‌
കടവായ്‌വിടവിലൂടെ
അകത്തു കേറും

ഒരോക്കാനം
കയ്ത്തു കൊഴുത്ത്‌
അടിവയറ്റിൽ നിന്നപ്പോൾ
അലയടിച്ചു പുറപ്പെടും

അന്ന നാളത്തിൽ
അടയിരിക്കുന്ന പുഴുവിനെ
കടന്നു പോകാനാകാതെ
കൊഴുത്ത സ്രവങ്ങൾ
കുടലിൽ ചുഴലിചുറ്റിത്തിരിയും

അകം പുറം മറിയുന്ന
മനം പിരട്ടലിൽ
ആത്മാവിന്റെ തിരകൾ
ഉടൽതീരത്തു തലതല്ലി
നുരയും പതയുമൊഴുക്കും

പുഴുപ്പുളപ്പിനടിപ്പെടുന്ന
നിസ്സഹായതയിൽ
മയക്കമേ മഹത്തരം
എന്നു വഴുക്കലിൽ
വടി കുത്തുമൊരു
സ്വപ്നദർശനം


അതിൽ മുഴുകെ
അടക്കിപ്പിടിച്ച ഒരോക്കാനം
അടിയറവെച്ചോച്ഛാനിച്ച്‌
വെറും നിലത്ത്‌
വെറുതേ കിടക്കും
പുഴുക്കളെക്കാത്ത്‌
നികൃഷ്ടജന്മം


കേപ്‌ ഓഫ്‌ ഗുഡ്‌ ഹോപ്‌
-------------------------------

സുഗന്ധവ്യഞ്ജന പ്രിയൻ വണിഗ്വരൻ
പുതിയ പാതയിൽ ഭ്രമിച്ചു നാവികൻ
തിരത്തിമിർപ്പിനെ മുറിച്ചു മുന്നിലേക്കു-
ലഞ്ഞു നീങ്ങുന്ന പൊളിഞ്ഞ കപ്പലിൽ

മഹാസമുദ്രം മുറിച്ചു നീങ്ങവേ
കിനാക്കുളിർത്തീരമകന്നു മാറവേ
കൊടുംവെയിൽത്തീയുള്ളു നീറ്റവേ
മുനമ്പു നീട്ടുന്നു പുതിയ വൻകര.

മഹാരഹസ്യം മറഞ്ഞിരിക്കയാം
നിലാവെളിച്ചം നിറഞ്ഞിരിക്കയാം
നിതാന്ത വിസ്മയം കരുതിവെക്കയാം
മിഴിത്താരമേ വഴി തെളിക്കുവാൻ

ശുഭപ്രതീക്ഷാമുനമ്പുതാണ്ടിയാൽ
നിധി കുമിഞ്ഞൊരു തുറമുഖം
നിറഞ്ഞുമുങ്ങുമാറൊരു കപ്പലോളം
നിറ സുഗന്ധമേ നിത്യകാംക്ഷയിൽ

മധുരയിൽ
------------------
വൈഗയൊഴുകുന്നു..
മധുരാപുരിക്കധിപനൊരു
മധുരമാം സ്വപ്നം പുണർന്നുറങ്ങീടവേ
അതിലൊരനുപമ ലാവണ്യമാർന്ന
രികിൽ മയങ്ങും തന്വംഗിയാൾ
തന്നുടലിലുടൽ ചേർന്നു ‌
പടരുമൊരു ശിലയൊരുങ്ങയായ്‌

കൃഷ്ണശിലകളിൽ
ജീവനെക്കൊത്തുന്ന
മധുരയുടെ  ശിൽപികൾ, വൈഗയുടെ വിജയവൈജയന്തികൾ
തിരുമലേശന്റെ നിനവിനെക്കൊത്തുവാൻ
നിജഹൃദയമേ ശിലാതലം ചേർക്കുവോർ

അവരിലതിശ്രേഷ്ഠൻ, ശിലാമർമ്മനിപുണൻ പെരിയ ശിൽപിതാനുദ്യുക്തനുദ്യമമം

രാജ്ഞിയെക്കൊത്തും ശിൽപിതൻ രാത്രികൾ
കൃഷ്ണശിലയിൽ ചെത്തിച്ചിതറുന്ന കൊള്ളിയാൻ
കഠിനനേരങ്ങളെത്തഴുകുന്ന കല്ലുളി
ഇതൾ വിരിയുന്ന കമനീയ യുഗ്മം
ശിൽപമല്ലാത്തതൊക്കെയും ചെത്തി
ക്കളയുമേകാഗ്രമാം കൗശലം

നിറനിലാവൊത്തുള്ള രാത്രിയിൽ രാത്രിയിൽ,
രാജ്ഞിതൻ
വെൺതുടകളെക്കൊത്തവേ
ശിൽപി തൻ ഉളിപെരുക്കുന്നിതതിരഹസ്യമാമൊരു
മറുകു ചേർക്കുവാൻ

നിയതിതന്നാജ്ഞയിൽ നിസ്സഹായൻ
ശിൽപിയറിവതില്ലുളി ചലിപ്പതും
തുടമിനുപ്പിലൊരു മറുകു ചേർപ്പതും

പുലരിയെത്തുന്നു തിരുമലേശനി
ന്നുയിർ തുടിക്കും ശിൽപദർശനം
ചൊടികൾ, മിഴികൾ, മാർത്തടം,
തൻ പ്രണയമൊഴുകും കരഗ്രഹം
അതി കുശലമായ്‌ ചേർന്നു തന്നിൽ
വിലയമാർന്നു വിലസുന്നു ശിൽപം

ഒരു നൊടിയിൽ, അരചനാത്തു
ടവടിവിൽ മിഴിയുടക്കവേ മറുകുതൊട്ടൊരു തീപ്പൊരിയുയരുന്നു
ശിൽപിയറിവതെങ്ങനെ, ഗൂഢസത്യം?

മധുര നടുങ്ങിനിൽക്കെ, ഒരാജ്ഞയിൽ
ശിൽപിയെത്തടവറക്കയക്കയായ്‌ രാജശങ്ക
സർഗസൃഷ്ടിയിൽ നിലീനമജ്ഞാതമാം
ദൈവെച്ഛയെ ത്തടവിലാക്കുന്നു കേവലപ്രജ്ഞകൾ

തുറുങ്കിലെച്ചുവരുകൾ ശീൽപിതൻ
പ്രാണസത്യത്തെ , പ്രതിധ്വനിപ്പിക്കവേ
ആതീന്ദ്രിയമേതോ വിശ്വശിൽപി
ക്കടിമയായ്‌ , ചൂഴ്‌ന്നെടുക്കുന്നൂ
ശിൽപി  സ്വന്തം മിഴികളെ
രാജ്ഞിതൻ രഹസ്യത്തെച്ചേതനയിൽ കണ്ടകുറ്റത്തിനീവിധം പ്രായശ്ചിത്തം‌
കാഴ്ചയെത്തന്നെച്ചൂഴ്‌ന്നെടുത്തരചന്നു കാഴ്ചവെക്കയായ്‌
ശിൽപിയുടെ മാനിത


മധുരയെക്കൽപാന്തകാലം കടത്തുവാൻ
കലകളെത്തേറും തിരുമലേശനാ
ച്ചൂഴ്‌ന്ന മിഴികൾ കാൺകേ,
കാലടികളിൽ മധുര വിറകൊണ്ടു നിൽക്കേ
അറിവുകൾക്കപ്പുറം, അടരാടി നേടിയ
സിംഹാസനങ്ങൾക്കുമപ്പുറം
നിറയുന്നൊരുണ്മയിൽ കിരീടം
കുനിച്ചു നിൽക്കേ
മിഴിയുന്നു ശിൽപിതൻ കണ്ണുകൾ
മധുരയെച്ചൂഴ്‌ന്നു നിറയുന്നു
സർഗ്ഗക്രിയാസാരമുണ്മതൻ
പൊൻ വെളിച്ചം

മീനാക്ഷിയമ്മനെപ്പാരാട്ടി
വൈഗയൊഴുകുന്നു
കുമരഗുരുവരുൾനിറയുന്ന സമുദ്രം വരേക്കും

സംഗമേശൻ
----------------

വിടൻ
വഴിവക്കിലൊരുത്തിയെ
കുടിച്ചു വറ്റിക്കവേ
ഇടയുന്ന കണ്ണുകളിൽ നിന്ന് അനുപമകൃപാനിധിയഖിലബാന്ധവൻ
എന്നു കരുണയൊഴുകുന്നു

അടിമുടിയഴിഞ്ഞു വെളിപ്പെട്ടു
വിടനുമിരയും വിസ്മയിക്കേ,
ജ്ഞാനമണ്ഡലങ്ങൾ
മാംസമണിയുന്നു

പായ്കപ്പലേറി പരിണാമഗതി
രണ്ടു ഹോമോസാപ്പിയനുകളിൽ
നട്ടെല്ലു നീർക്കുന്നു

രണ്ടു റിപ്പബ്ലിക്കുകൾ
മാറണയുമ്പോൾ
ഒറ്റ ദേശരാഷ്ട്രം

ക്വാണ്ടം കണങ്ങൾ
പരീക്ഷണക്കുഴലുകളിൽ
വീർപ്പുമുട്ടി
വിയർപ്പു പൊടിക്കുന്നു

മെസപ്പൊട്ടോമിയൻ സംസ്കൃതി
വാരിയെല്ലുകളിൽ
പറുദീസാനഷ്ടം തിരയുന്നു

സിലിക്കോൺ മിനുമിനുപ്പിൽ
ഒന്നു മുതൽ പൂജ്യം വരെയും
ഇടുപ്പുകളിറുകുന്നു

തമോഗർത്തങ്ങളിൽ
സപ്തവർണ്ണങ്ങൾക്കും
ഗുരുത്വ നഷ്ടം

മിച്ചമൂല്യം ത്യജിച്ച്‌
പ്രാകൃതകമ്യൂണിസത്തിലേക്ക്‌
ഉടലതിർത്തികൾ
കൊഴിഞ്ഞു വീഴുന്നു

വിലയമാർന്നു
വിജ്ഞാനമണ്ഡലം
ബോധിവൃക്ഷമായ്‌
പന്തലിക്കേ,
ബോധിസത്വൻ,
ജ്ഞാനോദയത്തിൽ
ഇരയുമൊത്ത്‌
പാടലീപുത്രമണയുന്നു

ഗൗതമൻ യശോധരയെ
കണ്ടു പിടിക്കുന്ന
കൊട്ടാരമാകുന്നു
തെരുവിലെ ബോധിവൃക്ഷങ്ങൾ

മൗനഗൃഹം
----------------

മോഹത്തിലാണ്‌
മൗനമെന്നൊരു വീടു കെട്ടണം

ഒരിക്കലും കൈവശപ്പെടുകയില്ലെന്ന്
ഉറപ്പുള്ള മണ്ണിലൊരു
കുറ്റിയടിച്ചിട്ടുണ്ട്‌.

ദീർഗ്ഘനിശ്വാസങ്ങൾ കൊണ്ടു
മാന്തിക്കിളയ്ക്കണം

പാലിക്കാത്ത വാക്കുകളെക്കൊണ്ടു
തറ പടുക്കണം

പാതിവഴിയിലുണർന്ന സ്വപ്നങ്ങളുടെ
മറുപാതികൊണ്ടു ചുമരു വയ്ക്കണം

നടന്നു തീരാനുള്ള വഴികൾ
മെടഞ്ഞു മേയണം

ഇല്ലാത്തൊരുണ്മയുടെ
ചില്ലുവാതിൽ തുറന്നകത്തു ചെല്ലണം

നിശ്ശബ്ദമൊരുകരച്ചിൽ കൊണ്ട്‌
ഉറക്കെച്ചിരിക്കണം

പിന്നെ..
അനശ്വരതയുടെ കസേരയിലുമ്മറത്ത്‌
മരിച്ചിരിക്കണം
വികൃതിക്കാലം
--------------------

പടിഞ്ഞാറൻ കാറ്റ്‌
ഒരു പടുവികൃതി

കാർമ്മേഘത്തുമ്പികളെ
ആട്ടിപ്പിടിച്ച്‌
അവയെക്കൊണ്ട്‌
മേഘത്തുമ്പീ മലയെടുക്ക്‌
മഴയെത്തുമ്പോൾ തലയെടുക്കും
എന്ന് കുസൃതിപ്പാട്ടു പാടി
മാമലകളെടുപ്പിക്കും

ആകാശം കണ്ണൊന്നുരുട്ടി
പട പടായെന്നൊരൊച്ചയിട്ടാൽ
തുമ്പിയെപ്പാട്ടിനുവിട്ട്‌
മഴവിൽപ്പുരയുടെ
കോലായിലൊളിക്കും

ചറപറയെന്ന്
പെയ്തിറങ്ങുമ്പോൾ
ഇറയത്തിരുന്ന് ഈറൻപനകളും
വാഴക്കൂമ്പുകളും കൊണ്ട്‌
കാലാട്ടി, കൈനീട്ടി
വെള്ളം തെറിപ്പിക്കും

കാണായ കരയുടെ
കാണാപ്പാഠപുസ്തത്തിന്റെ
ഏടൊരെണ്ണം കീറിയെടുത്ത്‌
നാലതിരും മൂലയും
കൂട്ടിപ്പിടിച്ചുമടക്കി
ഒരു തോണിയുണ്ടാക്കും

ഒരു ഞാറ്റുവേലപ്പാട്ടിന്നൊഴുക്കിൽ
തോണിയാലോലമൊഴുകെ,
കാലവും തോരാതെ പെയ്കെ,
കൂടെ നനഞ്ഞൊപ്പം
തോട്ടിലേക്കിറങ്ങും

സന്ധ്യയിൽച്ചവിട്ടി
ചളിപിളിയാക്കിയും
പുലരിയെത്തെറിപ്പിച്ച്‌
പൂക്കളെച്ചിരിപ്പിച്ചും
നക്ഷത്രക്കുഞ്ഞുങ്ങളുടെ
കൂരിരുൾക്കുട തട്ടിപ്പറിച്ചും
കുരുത്തക്കേടു കാട്ടും

അയലത്തെ വേലി കടക്കും
ആരിയം പാടം കടക്കും
ആകാശ ഗംഗ കടക്കും
അതിരില്ലാപ്പൊരുൾ തേടി
അരുമയാം തോണിയുടെ
അമരത്തു തന്നെയിരിക്കും

അരുതെന്നു പറയുന്ന
വികൃതിയെത്തിരയുന്ന
വേവലാതിത്തിര
കണ്ടുപിടിച്ചു ചെവിപിടിച്ചാൽ
കരഞ്ഞു മൂക്കൊലിപ്പിച്ചു
തിരികെയെത്തും

പനിപിടിച്ചിനിയൊരു
പകലുമിരവും
ചുമച്ചു ചുമച്ച്‌
ഒരു കമ്പിളി പുതച്ചിരിക്കേ
പടിപ്പുറത്ത്‌ കാറ്റേ കാറ്റേയെന്ന്
കളിക്കാൻ വിളിച്ചു വിളിച്ച്‌
പെയ്തുകൊണ്ടേയിരിക്കും
പടിഞ്ഞാറൻ മഴ


കൈലാസപ്രാപ്തി
--------------------

എനിക്കു മുൻപേ
നിനക്കു കീഴടങ്ങിയ
കൈലാസ ശൃംഗമാണിതാ
ഇടിഞ്ഞു പരന്ന
ഒരു മൺപുറ്റു കണക്കേ
അലിഞ്ഞൊലിച്ച
ഒരു മഞ്ഞുകട്ട കണക്കേ
കാൽച്ചുവട്ടിൽ
ചെളികെട്ടിക്കിടക്കുന്നു

എത്ര ദൂരം നടക്കാനിരുന്നു
എത്ര പുഴകൾ കടക്കാനിരുന്നു
എത്ര വനാന്തരങ്ങളിൽ വഴിതെറ്റാനിരുന്നു

വിയർപ്പു പൊടിയുന്ന
വിന്ധ്യശൈ ലങ്ങളെ
ഗൂഢപ്രവാഹങ്ങളൊളിച്ചിരിക്കുന്ന
ഗംഗാസമതലത്തെ
നിശ്വാസങ്ങളിൽ തീപ്പിടിക്കുന്ന
നിശിത ശൈത്യത്തെ
നിത്യനിർവൃതിയിൽ
സ്തംഭിക്കുന്ന നിമിഷങ്ങളെ
താണ്ടാനിരുന്നു..

ഒറ്റനോട്ടത്തിൽ
ഉറവകൊണ്ടു നിറയുന്ന
മാനസസരോവരം
പരിക്രമണം ചെയ്യാനിരുന്നു

നിന്റെ കൈപിടിക്കാതെ
നിന്റെ കിരണാവലിയിൽ
പൊന്നു പൂക്കാതെ
നിന്റെ  നിലാവിന്റെ
വെള്ളികെട്ടാതെ
നിന്റെ ഹിമപാതകളിൽ
കിതച്ചു തളരാതെ
നിന്റെയുന്മാദശൃംഗങ്ങളിൽ
കയറിയെത്താതെ
കൈവരുന്നിതേതു
കൈലാസം?

മല്ലീശ്വരന്റെ മുടിയെപ്പിരിഞ്ഞ്‌
മതിഭ്രമമാണ്ടൂർന്ന്
കൊടുംകാറ്റിലലയുന്ന
ഒരു കൂവളത്തില
ശൂലമുനചേർന്നു
തറഞ്ഞടങ്ങാൻ
ചേക്കതേടുന്നതേതു
കാഞ്ഞിരം?

ഷർട്ട്‌
-----------

അയ്യോടി
എന്റെ ഷർട്ട്‌ നിനക്കു ചേരില്ല
ഈ എഴുന്നു നിൽക്കുന്ന കോളറില്ലേ
അതിലേക്ക്‌ ഒരു മീശത്തുമ്പിറങ്ങി വരണം
ഈ മടക്കി വെച്ച കയ്യില്ലേ
അതിൽനിന്നൊരു മുഷ്കിന്റെ
മുഷ്ടി നേീളണം
ഈ മുഷിഞ്ഞ മടക്കുകളിലില്ലേ
ഒരു ദുഷിച്ച വിയർപ്പു ചേരണം

ഷർട്ടല്ലേ.. എന്റേതല്ലേ.
നിനക്കൊട്ടും ചേരില്ലെടീ

എന്നാലും ആ പോക്കറ്റുണ്ടല്ലോ
നിനക്കു നന്നായി ചേരുന്നുണ്ട്‌
ചേരേണ്ടപോലെ ചേരുന്നുണ്ട്‌
മീശപിരിച്ച്‌, മുഷ്കുകാട്ടി, വിയർത്ത്‌
ഞാൻ സ്വരുക്കൂട്ടിയ
മണിമുത്തങ്ങളെല്ലാം
ആ പോക്കറ്റിലാണിട്ടു വച്ചിരിക്കുന്നത്‌

അയ്യോടി,
എന്റെ ഷർട്ട്‌  നിനക്കു ശരിക്കും ചേരുന്നുണ്ട്‌
ചേരേണ്ടിടത്തൊട്ടിച്ചേരുന്നുണ്ട്‌