Saturday, June 2, 2012

വിവര്‍ത്തനത്തില്‍ ചോര്‍ന്നത്‌

നിറഞ്ഞ പാതിരയെ

പകല്‍ വെളിച്ചത്തിലേയ്ക്കു

വിവര്‍ത്തനം ചെയ്യാനിരുന്ന

ദൈവത്തിന്റെ പേനത്തുമ്പിലൂടെ

ചോര്ന്നുപോന്ന

ഒരു മനോഹരസ്വപ്നത്തിന്റെ

ആവലാതിയിലേക്കാണിന്നലെ

ഉണര്‍ന്നെണീറ്റത്‌

"നോക്കൂ

വിവര്‍ത്തനങ്ങളില്‍ ചോര്‍ന്നു പോകല്‍

എന്റെ ദുര്‍വിധിയെന്നു സമാധാനിച്ചോളാം

പക്ഷെ ,

വെളിച്ചത്തില്‍ നിറം കെട്ട് വിളറുന്ന

ഈ നക്ഷത്രങ്ങളെ

ഞാനെന്തു ചെയ്യണം?

മൂര്‍ഛ യിലേക്കു വളരുന്ന

ഗന്ധര്‍വ സംഗമങ്ങളുടെ

പ്രാചീനമായ ഈ വിവസ്ത്രത

ഏതു പാലക്കൊമ്പിലൊളിപ്പിക്കണം?

നിലാത്തന്ത്രികളില്‍ മാത്രം ശ്രുതി ചേരുന്ന

ഈ അനുരാഗ ഗാനം

ആരുടെ ചുണ്ടില്‍ തിരുകണം?"

ഒരു കോട്ടുവായ കൊണ്ടാണ്

ആട്ടിയോടിച്ചത്

അലവലാതിയെ .



അല്ലെങ്കിലും സ്വപ്നങ്ങള്‍ക്കെന്നും

വെളിച്ചമൊരു പേടിസ്വപ്നം തന്നെ.